ജലന്ധർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിൽ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിൽനിന്നാണ് വരനെയും പിതാവിനെയും പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കർഫ്യു നിർദേശങ്ങളും ലംഘിച്ചതിന് ഇരുവർക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ജലന്ധറിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പലരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് വിവാഹവേദിയിൽനിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേർ വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരൻ പോലീസിനോട് പറഞ്ഞത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബിലും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. വാരാന്ത്യ കർഫ്യുവിന് പുറമെ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യുവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരിൽ കൂടുതൽ ഒത്തുചേരരുതെന്നാണ് നിർദേശം. സംസ്ഥാനത്തൈ ബാറുകൾ, തീയേറ്ററുകൾ, ജിംനേഷ്യം,സ്പാ, കോച്ചിങ് സെന്ററുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയവ ഏപ്രിൽ 30 വരെ അടച്ചിടാനും നിർദേശമുണ്ട്.

Content Highlights:groom arrested from wedding venue for violating covid protocols in punjab