ചെന്നൈ: വിവാഹദിവസം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച വരനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസിന്റെ നടപടി. വരനടക്കം ആറുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. 

ചെന്നൈയില്‍ കഴിഞ്ഞദിവസം നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം. വരന്റെ കൂട്ടുകാര്‍ കേക്ക് മുറിക്കാനായി വടിവാള്‍ നല്‍കുകയായിരുന്നു. വരന്‍ കേക്ക് മുറിച്ചതിനൊപ്പം കൂട്ടുകാരിലൊരാള്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തികാണിക്കുന്നതും വീഡിയോയിലുണ്ട്. 

അതേസമയം, ഏതുവകുപ്പ് ചുമത്തിയാണ് ആറുപേര്‍ക്കെതിരെ കേസെടുത്തതെന്ന് ഇതുവരെ വ്യക്തമല്ല. ഇതിനുമുമ്പും തമിഴ്‌നാട്ടില്‍ സമാനമായ സംഭവങ്ങളുണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിനും വിവാഹദിവസവും വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

Content Highlights: groom and his friends booked in chennai for cutting his wedding cake by machete