കൊരട്ടി: സ്വർണക്കവർച്ചയ്ക്കായി വൃദ്ധയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ചെറുമകൻ അറസ്റ്റിലായി. കൊല്ലപ്പെട്ട സാവിത്രി അന്തർജനത്തിന്റെ ചെറുമകൻ, സൗത്ത് കൊരട്ടി കാരയപറമ്പത്ത് പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. പാപ്പാട്ട് ഇല്ലത്ത് പരേതനായ നാരായണൻ മൂസ്സിന്റെ ഭാര്യയാണ് സാവിത്രി അന്തർജനം.
വെള്ളിയാഴ്‌ചയാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് സാവിത്രിയുടെ മുഖത്ത് പുതപ്പ് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം മുത്തശ്ശിയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര ഗ്രാമിൻറെ സ്വർണമാല കവർന്നു. മാല പണയം വെച്ച് ലഭിച്ച തുകയുമായി നാടുവിടാനുള്ള ശ്രമത്തിനിടെ ആമ്പല്ലൂരിൽ വെച്ചാണ് പ്രശാന്ത് പിടിയിലായത്.
അറസ്റ്റിലായ പ്രതിയെ സംഭവം നടന്ന വീട്ടിലും അതിനു ശേഷം എത്തിയ ജൂവലറിയിലും കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. 17,600 രൂപയ്ക്കാണ് മാല പണയം വെച്ചിരുന്നത്. തെളിവെടുപ്പിനിടെ മാല കണ്ടെത്തി. ശ്വാസംമുട്ടിക്കാനുപയോഗിച്ച പുതപ്പും വീട്ടിൽ നിന്ന് കണ്ടെത്തി. ഇത് അടുത്ത മുറിയുടെ മുകൾത്തട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടെന്ന് ബോധ്യമായതിനെത്തുടർന്ന് സാവിത്രിയെ കട്ടിലിനടിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം പുറത്തു വന്ന പ്രശാന്ത് വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം മുത്തശ്ശിയുടെ ചെരിപ്പ് അടുത്തപറമ്പിലേക്ക് വലിച്ചെറിഞ്ഞു. തെളിവെടുപ്പിനിടെ അടുത്തവളപ്പിൽനിന്ന് ചെരിപ്പും കണ്ടെത്തി. വാതിൽ പൂട്ടി മുത്തശ്ശി പുറത്തുപോയതാണെന്ന് ധരിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്.
സംഭവദിവസം സാവിത്രിയെ തിരക്കിയവരും ആദ്യം അന്വേഷിച്ചത് ആ വഴിക്കാണ്. പിന്നീടാണ് ഇവരെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂവലറിയിൽ നിന്ന് ലഭിച്ച പണവുമായി ഇയാൾ ചാലക്കുടിയിലെ ബാറിലും പിന്നീട് ബസ് സ്റ്റാൻഡിലും കറങ്ങി. തുടർന്ന് അപ്രധാനമായ റോഡുകളിലൂടെ സ്വകാര്യ ബസുകളിൽ യാത്രചെയ്ത് നാടുവിടാനായിരുന്നു പദ്ധതി.
കൊരട്ടി സി.ഐ. ബാബു സെബാസ്റ്റ്യൻ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മാരായ സിദ്ദിക്ക്, രാമുചന്ദ്രബോസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച സാവിത്രിയുടെ മൃതദേഹം സംസ്‌കരിച്ചു.
Content Highlights: Grandmother killed by grandson for 5 grams of gold