തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ തടവിൽ വെച്ച് പീഡിപ്പിച്ച മൈനർ ഇറിഗേഷൻ ഓവർസിയർക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര ധനുവച്ചപുരം ഹരിഭവനിൽ ഹരീഷിനെയാണ്(40) തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം.
2009-ലാണ് കേസിനാസ്പദമായ സംഭവം. വണ്ടൻമേട് മൈനർ ഇറിഗേഷൻ സെക്ഷനിൽ ഓവർസിയറായിരുന്ന പ്രതി പെൺകുട്ടിയുടെ മാതൃസഹോദരനുമായാണ് ആദ്യം സൗഹൃദത്തിലാകുന്നത്. സൗഹൃദം മുതലാക്കി പരീക്ഷയ്ക്ക് കൂടുതൽ മാർക്കുകിട്ടാൻ പ്രാർഥിക്കാൻ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പത്താംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധ സ്ഥലങ്ങളിൽ 45ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു.
പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ പരാതിപ്രകാരം കഞ്ഞിക്കുഴി പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ പെൺകുട്ടിയെ ഹാജരാക്കി. വീട്ടുകാർക്കെതിരേ വ്യാജ പരാതിയും നൽകി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതിവളപ്പിൽത്തന്നെ പിടികൂടുകയായിരുന്നു. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.വി.മാത്യു കോടതിയിൽ ഹാജരായി.
Content Highlights: govt employee punished to imprisonment and fine for rape case