കോഴിക്കോട്: കൊയിലാണ്ടിയിൽ നിക്കാഹിനെത്തിയ വരനെയും സംഘത്തെയും ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. വധുവിന്റെ അമ്മാവനായ മൻസൂർ, സുഹൃത്ത് തൻസീർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച പിടികൂടിയത്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായതായി പോലീസ് പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും വധുവിന്റെ അമ്മാവനുമായ കബീറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കോരപ്പുഴ കണ്ണങ്കടവിൽ ആൾതാമസമില്ലാത്ത വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി കീഴരിയൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വധൂഗൃഹത്തിൽ നിക്കാഹിനെത്തിയ വരനെയും സംഘത്തെയും വധുവിന്റെ അമ്മാവന്മാർ കാർ തടഞ്ഞ് ആക്രമിച്ചത്.

നടേരി മഞ്ഞളാട്ട് കുന്നുമ്മൽ കിടഞ്ഞിയിൽ മീത്തൽ മുഹമ്മദ് സാലിഹി (29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു അക്രമം. കീഴരിയൂർ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള മുഹമ്മദ് സാലിഹിന്റെ പ്രണയ വിവാഹം ഇഷ്ടപ്പെടാത്ത കുട്ടിയുടെ അമ്മാവൻമാരും സുഹൃത്തുക്കളുമാണ് വരനെ ആക്രമിച്ചത്. രണ്ടുമാസം മുമ്പ് കീഴരിയൂർ സ്വദേശിയായ പെൺകുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുള്ള നിക്കാഹ് നടത്തുന്നതിനായിരുന്നു വരനും സംഘവും കീഴരിയൂരിലെത്തിയത്.

വരനും സംഘവും സഞ്ചരിച്ച കാർ കീഴരിയൂരിൽ എത്തിയപ്പോൾ ആറംഗ സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത ശേഷം മുഹമ്മദ് സാലിഹിനെ ആക്രമിക്കുകയുംചെയ്തു. അക്രമത്തിൽ മുഹമ്മദ് സാലിഹിനും സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.

Content Highlights:goons attack against groom in koyilandi threeaccused in police custody