തിരുവനന്തപുരം: പള്ളിപ്പുറത്ത് വീടുകളില്‍ കയറി ഭീഷണി മുഴക്കിയ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞദിവസമാണ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പള്ളിപ്പുറത്തെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഇവര്‍ വീടുകളില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ചാണ് ഗുണ്ടാസംഘം പണം ആവശ്യപ്പെട്ടത്. ചില വീടുകളുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. 

കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഷാനവാസ് നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബറില്‍ പള്ളിപ്പുറത്ത് മൊബൈല്‍ കടയില്‍ കയറി മറുനാടന്‍ തൊഴിലാളിയെയും ഷാനവാസ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ ഷാനവാസിനെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം വീടുകളില്‍ കയറി ഭീഷണി മുഴക്കിയ സംഭവമുണ്ടായത്. 

Content Highlights: Goonda attack in Pallippuram, Thiruvananthapuram; Main accused Shanavas in police custody