മൂവാറ്റുപുഴ: ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച അമ്മയുടെ വിരലറ്റു. മഠത്തിക്കുന്നേല്‍ ബിന്ദു (49), മകന്‍ ബിനു (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.30-ഓടെ മൂവാറ്റുപുഴ ക്ലബ്ബിനു സമീപമാണ് സംഭവം. 

വാഹനത്തിലെത്തിയ രണ്ടുപേര്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ബിനുവിനെ അടിച്ചു വീഴ്ത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ബിന്ദുവിന്റെ കൈ വിരല്‍ അറ്റത്. ബിനുവിന്റെ കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് അയല്‍വാസികള്‍ എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂവാറ്റുപുഴയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ വര്‍ഷങ്ങളായി ഡ്രൈവര്‍ജോലി നോക്കുന്ന ആളാണ് ബിനു. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.