തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. പച്ചക്കറി കച്ചവടക്കാരന്റെ വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്കും യുവാവിനും മര്‍ദനമേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

നിരവധി ക്രിമിനല്‍ക്കേസുകളില്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്‍പന നടത്തുന്ന വാഹനവും വീടിന്റെ ജനല്‍ചില്ലുകളും തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികളും നശിപ്പിച്ചു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ അനില്‍കുമാറിന്റെ മാതാവ് ബേബി(73) സഹോദരീപുത്രന്‍ ആനന്ദ്(22) അയല്‍ക്കാരനായ ശശി എന്നിവരെ ഗുണ്ടാസംഘം മര്‍ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടില്‍നിന്ന് 13,000 രൂപയും കവര്‍ന്നാണ് അക്രമിസംഘം മടങ്ങിയത്. 

മാസങ്ങള്‍ക്ക് മുമ്പ് പട്ടത്ത് ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി കൈക്ക് പരിക്കേറ്റ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് പോത്തന്‍കോട്ടെ ബാറിലും ഇതേസംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. 

Content Highlights: goonda attack in chenkotukonam thiruvananthapuram