കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരേ ആക്രമണം. ഏച്ചൂരിലെ പെട്രോള്‍ പമ്പില്‍ ജോലിചെയ്യുന്ന പ്രദീപിനെയാണ് ഒരുസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ പ്രദീപിന് പരിക്കുണ്ട്. 

സ്വയം ഗുണ്ടയാണെന്ന് അവകാശപ്പെട്ടെത്തിയ യുവാവും മറ്റുചിലരും ചേര്‍ന്നാണ് പ്രദീപിനെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ ഭദ്രനെന്നാണ് പേരെന്നും ക്വട്ടേഷന്‍ ടീമാണെന്നുമാണ് സംഘത്തിലെ പ്രധാനി അവകാശപ്പെടുന്നത്. 'നീ ആരാണെന്ന് വിചാരിച്ചാണ് കളിക്കുന്നത്. എന്റെ പേരെന്താണെന്ന് നിനക്ക് അറിയാമോ, കണ്ണൂര്‍ ഭദ്രന്‍. കണ്ണൂര്‍ ഭദ്രനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. പിരിവിന്റെ ഉസ്താദാണ്. ആരായാലും പൈസ പിരിക്കും. മാന്യമായി തൊഴിലെടുക്കുന്ന ആളാണ്. എന്നാല്‍ ഇങ്ങനത്തെ കേസില്‍ ഇടപെടും. എനിക്ക് പോലീസ് കേസ് പുല്ലാണ്. എന്നെ വേണമെങ്കില്‍ പോലീസ് പിടിച്ചുകൊണ്ടുപോകും, പക്ഷേ, ഞാന്‍ ഇറങ്ങുകയും ചെയ്യും'- എന്നും വീഡിയോയില്‍ പറയുന്നുണ്ട്. 

അതേസമയം, സംഭവം ഗുണ്ടാ ആക്രമണമല്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഇങ്ങനെയൊരു പേരില്‍ ഗുണ്ടയോ ക്വട്ടേഷന്‍ സംഘമോ ഇല്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. പമ്പ് ജീവനക്കാരനെ ആക്രമിച്ചതിന് കാരണം സ്വത്ത് വീതംവെച്ചതിന്റെ പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണെന്നും പോലീസ് പറഞ്ഞു. 

പണം നല്‍കാത്തതിന് പ്രദീപിനെ ഭയപ്പെടുത്താനാണ് സംഘം പെട്രോള്‍ പമ്പില്‍ എത്തിയത്. തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ചക്കരക്കല്ല് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. 

Content Highlights: goonda attack in a petrol pump in kannur