ആലപ്പുഴ: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു നേതാവിനെ ബോബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തി. തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനുസമീപം കിളിയന്‍പറമ്പില്‍ ലേ കണ്ണന്‍ എന്നുവിളിക്കുന്ന അരുണ്‍കുമാറാ (29)ണു കൊല്ലപ്പെട്ടത്.

വ്യാഴാഴ്ചരാത്രി എട്ടുമണിയോടെയാണ് സംഭവം. വൈകുന്നേരം ചാത്തനാട് സ്വദേശി രാഹുല്‍ രാധാകൃഷ്ണനെ വീട്ടില്‍ക്കയറി ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണത്തിലാണു കണ്ണന്‍ കൊല്ലപ്പെട്ടത്. കണ്ണനും രാഹുലും ഒരേസംഘത്തിലായിരുന്നു. അടുത്തിടെയാണു ശത്രുതയിലായത്.

മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തിയ കേസിലും പോലിസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇരുവരും അടുത്തിടെയാണു പുറത്തിറങ്ങിയത്.

മൂന്നുവര്‍ഷം മുന്‍പു കണ്ണനെതിരേ സാക്ഷിപറഞ്ഞവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷിച്ചുചെന്നപ്പോഴാണ് പോലിസിനു നേരെ ആക്രമണമുണ്ടായത്. അന്നു വീടിനുസമീപത്ത് ഒളിച്ചിരുന്ന ഇവരെ പിടികൂടാന്‍ ചെന്നപ്പോഴാണ് രണ്ടുപോലിസുകാരെ മഴുവിനു വെട്ടി പരിക്കേല്‍പ്പിച്ചത്. ദേഹത്തു വെള്ളം തെറിപ്പിച്ചതു ചോദ്യംചെയ്ത ഒരുവയോധികനെ അടുത്തിടെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയതായും കേസുണ്ട്.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പക, വിറങ്ങലിച്ച് നഗരം...

ആലപ്പുഴ: ഗുണ്ടാനേതാവ് അരുണ്‍കുമാറി(ലേ കണ്ണന്‍)നെ കൊലപ്പെടുത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബോംബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തല്‍ ആലപ്പുഴയില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം ശക്തമാണെന്നതിന് ഉദാഹരമാണ് ഈ കൊലപാതകം. കഞ്ചാവും മയക്കുമരുന്നും ചെറിയരീതിയില്‍ വില്‍പ്പന നടത്തി പണമുണ്ടാക്കിയാണിവര്‍ കഴിഞ്ഞിരുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ കായികമായി നേരിടാനായാണ് ഇവര്‍ ഗുണ്ടാസംഘങ്ങളായി മാറുന്നതെന്നു നഗരവാസികള്‍ പറയുന്നു.

കൊല്ലപ്പെട്ട കണ്ണന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്നു വില്‍പ്പന നടത്തിയ കേസില്‍ പലപ്പോഴും ഇയാള്‍ പിടിയിലായിട്ടുണ്ട്. അടുത്തിടെ വെള്ളംതെറിപ്പിച്ചതു ചോദ്യംചെയ്ത വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കണ്ണനെ കാപ്പ നിയമപ്രകാരം പോലിസ് അറസ്റ്റുചെയ്തതാണ്. ജയിലില്‍നിന്നുപുറത്തുവന്നാലുടന്‍ ഇവര്‍ വീണ്ടും പഴയപണിയിലേക്കു തിരിച്ചുപോകുകയാണെന്നാണ് പോലീസ് പറയുന്നത്. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകുന്നതും ഇവര്‍ക്ക് രക്ഷയാകുന്നുണ്ട്.

വലിയ ചുടുകാട് കേന്ദ്രീകരിച്ചാണ് കണ്ണനും കൂട്ടാളികളും പ്രവര്‍ത്തിച്ചിരുന്നത്. കൊലപാതകത്തില്‍ പോലീസ് തിരയുന്ന രാഹുല്‍ കണ്ണന്റെ അടുത്ത അനുയായിയായിരുന്നു. അടുത്തകാലത്താണ് ഇവര്‍ പിണങ്ങിപ്പിരിഞ്ഞത്.

ഇതിനെത്തുടര്‍ന്നു പലവട്ടം വഴക്കുണ്ടായി. വ്യാഴാഴ്ച വൈകീട്ട് രാഹുലിന്റെ വീടുകയറി നടത്തിയ ആക്രണമാണ് പ്രത്യാക്രമണത്തിലേക്ക് നീങ്ങാനിടയാക്കിയത്.ഗുണ്ടകളെ രക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉന്നതരായപലരും ഇടപെടുന്നത് ഇവര്‍ക്ക് സംരക്ഷണമാകുന്നുണ്ടെന്നും നഗരവാസികള്‍ ആരോപിക്കുന്നു. ആലപ്പുഴയിലെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവര്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്നതും വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റിക്കൊണ്ടുപോകുന്നതും പതിവാണ്. തെറ്റായദിശയില്‍ വാഹനമോടിക്കുന്നതു ചോദ്യംചെയ്താല്‍പ്പോലും ഇടികിട്ടുന്നയിടമായി നഗരം മാറിയിരിക്കുകയാണ്.