കോഴിക്കോട്: നഗരത്തിൽ പോലീസുകാർക്ക് നേരെ ഗുണ്ടാആക്രമണം. കോഴിക്കോട് ടൗൺ പോലീസിന് നേരെ പുലർച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽവെച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ പോലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു. ജീപ്പിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജയ്സണ് പരിക്കേറ്റു.

ഒയിറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ ഓടി ഒളിക്കുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യും ഹോംഗാർഡും പുറത്തിറങ്ങി ഇവർക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.

കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. സി.ഐ. ഉമേഷിന്റെയും എസ്.ഐ. കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തിൽ ദിവസവും പട്രോളിംഗും റെയ്‌ഡും നടക്കുന്നത് മയക്കുമരുന്നു സംഘത്തിന് ഭീഷണിയായി മാറി. അടുത്തിടെ ട്രാൻസ്ജെൻഡേഴ്സിനെ തേടി അസമയത്ത് എത്താറുള്ളവർക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സി.ഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉടൻ പ്രതികൾ പിടിയിലാവുമെന്ന് പോലീസ് അറിയിച്ചു.

Content Highlights:goonda attack against police in kozhikode city