കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1807.82 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൊടിയേരി എ.പി. നൗഫലിനെ കസ്റ്റംസ് അറസ്റ്റുചെയ്തു.

എയര്‍ ഇന്ത്യയുടെ ഐ.എക്‌സ്-344 ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെത്തിയ ഇയാളെ നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടുകയായിരുന്നു. ദേഹപരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണമടങ്ങിയ പ്രത്യേക രാസസംയുക്തം കണ്ടെടുത്തത്. 20 പായ്ക്കറ്റുകളിലായാണ് സംയുക്തം സൂക്ഷിച്ചിരുന്നത്. 2450.558 ഗ്രാം സംയുക്തമാണ് കണ്ടെടുത്തത്. ഇതില്‍നിന്ന് 1807.82 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 51,03,476 രൂപയും, ഇന്ത്യന്‍ പിപണിയില്‍ 54,57,809 രൂപയും വിലവരും.

കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത്കുമാറിന്റെ നിര്‍ദ്ദേശാനുസരണം ജോ. കമ്മിഷണര്‍ അനില്‍ രാജന്‍, അസി. കമ്മിഷണര്‍മാരായ നിഥിന്‍ലാല്‍, രാജേന്ദ്രബാബു, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ഹാന്‍സണ്‍. സി.സി, ഇന്റലിജന്‍സ് ഓഫീസര്‍മാരായ മനോജ്. എം, രബീന്ദ്രകുമാര്‍, ചന്ദ്രകുമാര്‍, നരസിംഹ നായിക്ക്, ഹവില്‍ദാര്‍ എന്‍. മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

Content Highlights: gold worth 54 lakhs seized from karippur airport