വിതുര:(തിരുവനന്തപുരം): മരുതാമല അടിപറമ്പിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണംപോയ കേസിൽ പ്രതിയെ സഹായിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. മരുതാമല റാണി ഭവനിൽ കവിത(34)യാണ് അറസ്റ്റിലായത്.

പ്രതി രാജേഷിനെ സ്വന്തം വീട്ടിൽ മോഷണം നടത്താൻ സഹായിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണം പോയത്.

കഴിഞ്ഞ ശനിയാഴ്ച കവിതയും ഭർത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. കവിതയുമായി സൗഹൃദത്തിലായിരുന്ന രാജേഷ് ഇവരിൽ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങാൻ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഭർത്താവിനോട് വിവരങ്ങൾ പറയുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് കവിത വീട്ടിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിന്റെ വിവരം രാജേഷിനോട് പറഞ്ഞു. ശനിയാഴ്ച ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഇവർ വീടിന്റെ പിൻവാതിൽ തുറന്നിട്ടശേഷം രാജേഷിനെ വിവരം അറിയിച്ചു. തുടർന്നാണ് ഇയാൾ മോഷണം നടത്തിയത്.

തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു.

രാജേഷിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, സി.പി.ഒ.മാരായ സൈനികുമാരി, ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കവിതയെ അറസ്റ്റ് ചെയ്തത്.

Content Highlights:gold theft with friend in vithura woman arrested by police