വിതുര(തിരുവനന്തപുരം): ഫോണിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി, വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ കുളപ്പട വലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) ആണ് പിടിയിലായത്. ആഭരണം പണയംവെച്ച തുകയുപയോഗിച്ച് ഇയാൾ വാങ്ങിയ കാറും കണ്ടെടുത്തു.

വിതുര മരുതാമല അടിപറമ്പ് സ്വദേശിയുടെ വീട്ടിലെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണംപോയത്. ഇദ്ദേഹവും ഭാര്യയും കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സാവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയപ്പോഴായിരുന്നു സംഭവം. ഗൃഹനാഥന്റെ അമ്മ വൈകീട്ട് 3 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തറയിൽ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടർന്ന് വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് വീട്ടുകാരെ ചോദ്യംചെയ്തു. വീട്ടമ്മയുടെ ഫോൺവിളികൾ പരിശോധിച്ചതിലൂടെയാണ് വസ്തുത വെളിപ്പെട്ടത്.

പോലീസ് പറയുന്നത്: നിരവധി കേസുകളിൽ പ്രതിയായ രാജേഷ്, വീട്ടമ്മയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവരിൽനിന്നു പല തവണ പണം വാങ്ങി. പുതിയ വാഹനം വാങ്ങാൻ 10 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഭർത്താവിനെ വിവരമറിയിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് വീട്ടമ്മ സ്വർണത്തിന്റെ വിവരം ഇയാളെ അറിയിച്ചു.

ശനിയാഴ്ച ആശുപത്രിയിൽ പോകുന്നതിനു മുൻപ് ഇവർ വീടിന്റെ പിൻവാതിൽ തുറന്നിട്ട ശേഷം പ്രതിയെ വിവരമറിയിച്ചു. തുടർന്നായിരുന്നു മോഷണം. കണ്ടുപിടിക്കാതിരിക്കാൻ മുളകുപൊടിയും മല്ലിപ്പൊടിയും വിതറി.

മോഷണമുതലുകൾ തൊളിക്കോട്, ആര്യനാട്, വിതുര തുടങ്ങിയ സ്ഥലങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചു. ഈ തുകയുപയോഗിച്ച് കാർ വാങ്ങുകയും ചെയ്തു. തുടർന്ന് ഈ കാറിൽ രണ്ടു ദിവസം കറങ്ങിനടന്നു. കുളപ്പടയിൽ ഇയാളുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ മാറി റബ്ബർത്തോട്ടത്തിൽ കാർ കിടക്കുന്ന വിവരം ലഭിച്ച പോലീസ്, അവിടെയെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പണയം വച്ച ആഭരണങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിതുര പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, സി.പി.ഒ.മാരായ നിതിൻ, ശരത്, ഷിജു റോബർട്ട്, ഷാഡോ പോലീസ് ഓഫീസർ സുനിൽലാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights:gold theft in vithura police arrested a youth