നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരന്റെ ഒത്താശയോടെ സ്വര്‍ണകടത്ത്. ജീവനക്കാരനെയും സ്വര്‍ണം കടത്തിയ യാത്രക്കാരനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) വിഭാഗം പിടികൂടി.

വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജോലികള്‍ നിര്‍വഹിക്കുന്ന ബി.ഡബ്ല്യു.എഫ്.എസ്. ഏജന്‍സിയിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി നായത്തോട് മല്‍പ്പാന്‍വീട്ടില്‍ പോള്‍ ജോസ്, എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മലപ്പുറം പറമ്പന്‍ വീട്ടില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 1.09 കോടി രൂപ വില വരുന്ന 3.3 കിലോ സ്വര്‍ണം ഡി.ആര്‍.ഐ. പിടിച്ചെടുത്തു. വിമാനത്താവളത്തിലെ ശൗചാലയത്തില്‍വെച്ചാണ് ഇവര്‍ സ്വര്‍ണം കൈമാറിയത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തി ഇരുവരെയും പിടികൂടി. ഒരു കിലോ വീതം തൂക്കം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റ്, സ്വര്‍ണ ബിസ്‌കറ്റിന്റെ രണ്ട് കഷണം, ചെറിയ രണ്ട് സ്വര്‍ണ ബിസ്‌കറ്റ്, നാല് സ്വര്‍ണനാണയം എന്നിവയാണ് പിടിച്ചെടുത്തത്.

മുഹമ്മദ് അഷറഫ് നാല് പൊതിയിലാക്കിയാണ് സ്വര്‍ണം കടത്തിയത്. വിമാനമിറങ്ങിയശേഷം ശൗചാലയത്തില്‍കയറി ഇയാള്‍ സ്വര്‍ണം പോള്‍ ജോസിന് കൈമാറി. പോള്‍ ജോസ് സ്വര്‍ണം വാങ്ങി പാന്റ്സിന്റെ പോക്കറ്റിലിട്ട് ശൗചാലയത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങിവരുമ്പോഴാണ് ഡി.ആര്‍.ഐ. പിടികൂടിയത്.

ഇരുവരുടെയും നീക്കങ്ങള്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോള്‍ ജോസ് മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ മുഹമ്മദ് അഷറഫ് മുമ്പും ദുബായ് യാത്ര നടത്തിയിട്ടുണ്ട്. അതിനാല്‍ ഇയാളും നേരത്തേ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്ന് ഡി.ആര്‍.ഐ. അന്വേഷിക്കുന്നുണ്ട്. ഇരുവരെയും ചോദ്യംചെയ്തുവരികയാണ്. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നതും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് കടത്തിന് പിന്നിലെന്നാണ് ഡി.ആര്‍.ഐയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

ഇരുവരെയും ശനിയാഴ്ച സാമ്പത്തിക കുറ്റാന്വേഷണ കോടയില്‍ ഹാജരാക്കും. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് കസ്റ്റംസ് ജീവനക്കാരനെ സ്വര്‍ണക്കടത്തിന് ഡി.ആര്‍.ഐ. പിടികൂടിയിരുന്നു. ദുബായില്‍നിന്ന് സ്വര്‍ണം കടത്തികൊണ്ടുവന്ന യാത്രക്കാരനില്‍നിന്ന് ശൗചാലയത്തില്‍വെച്ച് സ്വര്‍ണം കൈപ്പറ്റുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Content Highlight: Gold smuggling through nedumbassery airport