തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. പിടിയിലായ സരിത് യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് സ്ഥിരീകരണം. കോൺസുലേറ്റിലെ പി.ആർ.ഒ. ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി.

കോൺസുലേറ്റിലെ മുൻ ജീവനക്കാരനാണ് സരിത്. ചില വഴിവിട്ട ബന്ധങ്ങളുടെ പേരിൽ ഇയാളെ നേരത്തെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ജോലി പോയിട്ടും കോൺസുലേറ്റിലെ പി.ആർ.ഒ. ചമഞ്ഞ് ഒട്ടേറേപേരെ കബളിപ്പിച്ചിരുന്നു. കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്തായിരുന്നു ഇതെല്ലാം.

നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്. കൊച്ചിയിൽ എത്തിച്ച ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തും. അതേസമയം, സരിതിന്റെ കൂട്ടാളിയായ യുവതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. യുവതിയും യു.എ.ഇ. കോൺസുലേറ്റിലെ മുൻജീവനക്കാരിയാണ്. കോൺസുലേറ്റിലെ കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നും സംശയമുണ്ട്.

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

Content Highlights:gold smuggling through diplomatic baggage in trivandrum