തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തിൽ ആദ്യം. 2013-ൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്നെത്തിയ യു.എ.ഇ. ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വർണാഭരണങ്ങളുമായി പിടികൂടിയിരുന്നു.

സിങ്കപ്പൂരിൽനിന്ന് ഡൽഹിയിലേക്കുവന്ന ഉദ്യോഗസ്ഥൻ വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലാണ് സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി.

രഹസ്യവിവരം മുമ്പേയെത്തി

തിരുവനന്തപുരത്ത് ഇത്തരത്തിലൊരു ബാഗേജ് എത്തും മുമ്പുതന്നെ കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബാഗേജ് വിട്ടു നൽകാതെ പിടിച്ചിട്ടത്. ഇതിനിടെ പരിശോധനയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. തുടർന്ന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പ്രത്യേക അവകാശങ്ങളുള്ള, പരിശോധനയില്ലാത്ത നയതന്ത്ര സംവിധാനം ഉപയോഗിച്ച് സ്വർണക്കടത്തിന് ശ്രമിച്ചത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയുണ്ടാകും.

ഏറ്റവും വലിയ സ്വർണവേട്ട

കേരളത്തിൽ വിമാനത്താവളങ്ങളിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 15 കോടി രൂപ മൂല്യംവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നതും ഇതാദ്യം. പതിറ്റാണ്ടുകൾക്കു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ വഴി കള്ളനോട്ട് കടത്തിയത് പിടികൂടിയിരുന്നു.

ഇതിനു മുൻപ് നടന്ന ഏറ്റവും വലിയ സ്വർണവേട്ട 2019 മേയ് 13-ന് 25 കിലോ പിടികൂടിയതായിരുന്നു. രണ്ട് യാത്രക്കാരിൽനിന്നാണ് അന്നത് പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പിന്നീട് ഈ കേസിൽ അറസ്റ്റിലായി. 2019 ഏപ്രിൽ 30-ന് 10 കിലോ സ്വർണം കടത്താൻ ശ്രമിക്കവേ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനെ പിടികൂടിയിരുന്നു. വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണമടങ്ങിയ പെട്ടി വാങ്ങി കസ്റ്റംസ് പരിശോധന നടത്താത്ത ഗേറ്റ് വഴി പുറത്തേക്കു പോകുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. യാത്രക്കാരിൽനിന്ന് പരമാവധി അഞ്ചു കിലോ ഗ്രാം വരെയുള്ള സ്വർണം പിടികൂടിയിട്ടുണ്ട്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചോ ശരീരത്തിൽ ചേർത്തുവെച്ചോ സ്വർണം കടത്തുന്നതാണ് പതിവുരീതി.

സ്വർണക്കടത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളത്തിലെ വിമാനത്താവളങ്ങൾ. 2019 മാർച്ചിനും സെപ്റ്റംബറിനുമിടയിൽ സംസ്ഥാനത്തെ എയർപോർട്ടുകൾവഴി 150.479 കിലോ സ്വർണം കടത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് കൂടുതൽ. ആഭരണങ്ങൾ, സ്വർണക്കഷ്ണങ്ങൾ, കുഴമ്പ്, ബിസ്കറ്റുകൾ എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സ്വർണം കൂടുതലായി കടത്തുന്നത്.

എന്താണ് ഡിപ്ലോമാറ്റിക് ബാഗേജ്

ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജ്. ബാഗ് എന്നാണ് പറയാറുള്ളതെങ്കിലും ഇവ പെട്ടികളോ കാർട്ടണുകളോ ബ്രീഫ്കേസുകളോ തുകൽസഞ്ചികളോ കണ്ടെയ്നറുകളോ ഒക്കെയാകാം. നയതന്ത്ര പ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന അവകാശങ്ങൾ ഇത്തരം ഡിപ്ലോമാറ്റിക് ബാഗേജുകൾക്കുമുണ്ട്. ഇതിൽ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്കു പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. എന്നാൽ, സംശയമുണ്ടായാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പരിശോധിക്കാം.

Content Highlights:gold smuggling through diplomatic baggage in trivandrum