കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്നുവന്ന സ്വര്‍ണക്കടത്ത് അന്വേഷണം വഴിത്തിരിവിലേക്ക്. സംഘത്തില്‍നിന്ന് സ്വര്‍ണം വാങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഡി.ആര്‍.ഐ.യുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.

മലപ്പുറം സ്വദേശിയും ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പി.പി.എം. ചെയിന്‍സ് സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് അലിയിലേക്കാണ് അന്വേഷണം എത്തിയിട്ടുള്ളത്. രാമനാട്ടുകര, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ഷോറൂമുകളിലും മലപ്പുറം കുന്നുമ്മലിലുള്ള വസതിയിലുമാണ് പരിശോധന നടന്നത്. മൊഴിയെടുക്കലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നുതവണ മുഹമ്മദ് അലിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്.

മുഹമ്മദ് അലിയുടെ അടുത്തബന്ധുവായ അബ്ദുള്‍ ഹക്കീമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരുവനന്തപുരത്തെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതുവഴിയാണ് കടത്തുസംഘത്തില്‍നിന്ന് സ്വര്‍ണം ഇവരിലേക്കെത്തുക. അബ്ദുല്‍ ഹക്കീമും ഒളിവിലാണ്.

Content Highlight: Gold smuggling in Trivandrum airport; enquiry against Malappuram based businessman