കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന യുവാവിനെ ഭാര്യവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്. മൊറയൂര്‍ സ്വദേശിയായ വിഷ്ണുവിനെ (29)യാണ് വിമാനത്താവളത്തിനടത്തുള്ള നയാബസാറിലെ ഭാര്യവീട്ടില്‍നിന്ന് കഴിഞ്ഞ 18-ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയത്. പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി.

കൊണ്ടോട്ടി തുറയ്ക്കല്‍ സ്വദേശികളായ ഫായിസ് ഫവാസ് (26), മുഹമ്മദ് ഫായിസ് (25), മുഹമ്മദ് ജസീര്‍ (26), വള്ളുവമ്പ്രം വെള്ളൂര്‍ സ്വദേശി ഷംസാന്‍ (26) എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കള്ളക്കടത്ത് സംഘത്തിനുവേണ്ടി കഴിഞ്ഞ 17-ന് വിമാനത്താവളത്തിലെ ശൗചാലയത്തിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണമിശ്രിതം പുറത്തെത്തിക്കുന്നതിന് വിഷ്ണു ചുമതലയേറ്റിരുന്നു. യുവാവ് സ്വര്‍ണമെടുത്ത് ചോറ്റുപാത്രത്തിലാക്കി തന്റെ ബാഗിലാക്കി ഒളിപ്പിച്ചുെവച്ചു. ഈ സ്വര്‍ണം ബാഗില്‍നിന്ന് നഷ്ടപ്പെട്ടു. രാത്രി 10-ഓടെ സ്വര്‍ണം നഷ്ടപ്പെട്ട വിവരം വള്ളുവമ്പ്രത്തുള്ള കള്ളക്കടത്ത് സംഘത്തിലെ ആളെ അറിയിച്ചു. സ്വര്‍ണം യുവാവ് കൈക്കലാക്കിയതാണെന്ന് കരുതിയാണ് കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ മലയില്‍ക്കൊണ്ടുപോയി യുവാവിനെ മര്‍ദ്ദിച്ച സംഘം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി. ഷിബിവിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പി. അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരെക്കൂടാതെ കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐമാരായ നാസര്‍ പട്ടര്‍ക്കടവന്‍, ഹനീഫ എന്നിവരാണ് പ്രതികളെ പിടികൂടിയത്.