കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പുസാക്ഷി ആയേക്കും. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി.

സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളതും ഇയാൾക്കാണ്. സന്ദീപിനെ മാപ്പുസാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ.

സ്വർണക്കടത്ത് കേസിൽ ശക്തമായ തെളിവുകളുടെ അപര്യാപ്തത എൻ.ഐ.എ. സംഘത്തെ കുഴക്കിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കാനും എൻ.ഐ.എ. നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പുസാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.

Content Highlights:gold smuggling case sandeep nair given letter to consider him as an approver