കൊച്ചി: സ്വർണക്കടത്തിൽ തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായരും മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. സരിത്തിനും സ്വപ്നയ്ക്കും ഒപ്പം സന്ദീപും സ്വർണക്കടത്തിൽ പങ്കാളിയാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ഇതോടെ ഒളിവിൽപോയ സന്ദീപിനായി തിരച്ചിൽ ഊർജിതമാക്കി.
അതേസമയം, സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകൾ പിന്നിട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചത്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സൂചന.
സരിത്തും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ്. ഇയാളുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു. കേസിൽ യു.എ.ഇ. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനുള്ള നീക്കങ്ങളും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര വിഷയമായതിനാൽ ഇക്കാര്യത്തിൽ കേന്ദ്രവുമായി ബന്ധപ്പെടുന്നതായാണ് വിവരം. എൻ.ഐ.എ. അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളും കേസിൽ വിവരശേഖരണം നടത്തുന്നു.
അതിനിടെ, ഡിപ്ലോമാറ്റിക് ബാഗേജ് അയച്ച യു.എ.ഇയിലെ ഫാസിൽ എന്നയാളുടെ കേരളത്തിലെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ സ്വർണം കടത്തിയപ്പോൾ സരിത്ത് സ്വന്തം വാഹനത്തിലാണ് ഇത് വിമാനത്താവളത്തിന് പുറത്തെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ സരിത്തിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. ഇതിനായി കസ്റ്റംസ് സംഘം കോടതിയിൽ അപേക്ഷനൽകും.
Content Highlights:gold smuggling case sandeep is also involved with swapna suresh and sarith in smuggling