കൊച്ചി: സ്വർണക്കടത്തിന് പിന്നിൽ യു.എ.ഇ. പൗരനായ വ്യവസായി ദാവൂദ് അൽ അറബിയെന്ന് കെ.ടി. റമീസിന്റെ മൊഴി. 12 തവണ യു.എ.ഇയിൽനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്നും എന്നാൽ ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും റമീസിന്റെ മൊഴിയിൽ പറയുന്നു.

കൊൽക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വർണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവർക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരിൽ സ്വർണം കടത്തിയത്. വാട്ടർ പ്യൂരിഫെയറിൽ ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്. എന്നാൽ അഞ്ചാം തവണ കാർഗോ എത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇതോടെ കാർഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അൽ അറബിയുടെ പേരിൽ സ്വർണം കടത്താൻ തുടങ്ങിയതെന്നും റമീസിന്റെ മൊഴിയിലുണ്ട്.

ദാവൂദ് അൽ അറബി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണ്. ദാവൂദും റബിൻസും ചേർന്നാണ് യു.എ.ഇയിൽനിന്ന് സ്വർണമടങ്ങിയ കാർഗോ അയച്ചിരുന്നത്. ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസൽ ഫരീദെന്നും റമീസ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതിനിടെ, കൊടുവള്ളിയിലെ കാരാട്ട് ഫൈസലിനെക്കുറിച്ച് പി.എസ്. സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സന്ദീപ് നായർ കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. സ്വർണക്കടത്തിലെ പ്രധാന നിക്ഷേപകൻ കാരാട്ട് ഫൈസലാണെന്ന് സന്ദീപ് നായർ പറഞ്ഞിട്ടുണ്ടെന്നും കാരാട്ട് ഫൈസലിനെ തനിക്ക് നേരിട്ടറിയില്ലെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. കാരാട്ട് ഫൈസലിനും കാരാട്ട് റസാഖിനുമെതിരേ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Content Highlights:gold smuggling case kt ramees statement about davood al arabi