ദുബായ്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതിയായ ഫാസില്‍ ഫരീദിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി. ദുബായിലുള്ള ഫൈസലിനെ ഫോണിൽവിളിച്ചാണ് കസ്റ്റംസ് മൊഴിയെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇയാളിൽനിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞതായാണ് സൂചന.
ഫാസിലിനെ നേരിട്ട് വിളിച്ച് കിട്ടാത്തതിനാൽ സുഹൃത്തിന്റെ ഫോൺ വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്. എന്നാൽ കസ്റ്റംസിന്റെ ചോദ്യങ്ങളിൽ പലതിനും കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഫാസില്‍ ഒഴിഞ്ഞുമാറിയെന്നാണ് വിവരം.
തിരുവനന്തപുരത്തേക്ക് സ്വർണം അയച്ചത് ഫാസിലാണെന്ന് നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരായിരുന്നു സ്വർണക്കടത്തിന്റെ ഇടനിലക്കാർ. ഇവർ മൂന്ന് പേരും പിടിയിലായതിന് പിന്നാലെ മലപ്പുറം സ്വദേശിയായ റമീസിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണക്കടത്തിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള റമീസും ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. റമീസിനെ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ഇതിനിടെയാണ് ദുബായിലുള്ള ഫാസില്‍ ഫരീദിൽനിന്നും കസ്റ്റംസ് വിവരങ്ങൾ തേടാൻശ്രമിച്ചത്.
ദുബായിൽനിന്ന് ഫാസില്‍ ഫരീദ് നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമാതാരങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഒരു ബോളിവുഡ് താരമായിരുന്നു.
Content Highlights:gold smuggling case customs called faizal fareed