കൊച്ചി: എല്ലാചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോളാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്‌ന വ്യക്തമാക്കി. നിലവില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും അവര്‍ പറഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്‌ന സുരേഷ് ജയില്‍മോചിതയായത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്‌നയുടെ പ്രതികരണം. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്. ബാലരാമപുരത്തെ വീട്ടില്‍വെച്ച് സ്വപ്‌ന മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കില്ലെന്നാണ് അമ്മ പ്രഭ സുരേഷ് പറഞ്ഞിരുന്നത്. കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്‌ന പ്രതിയായിട്ടുള്ളത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരില്‍ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Content Highlights: gold smuggling case accused swapna suresh response after getting bail