കൊച്ചി: സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതി. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാൻ ശ്രമം നടന്നത്.

നടൻ ധർമജൻ ബോൾഗാട്ടിയും നടി ഷംന കാസിമും ഉൾപ്പെടെയുള്ളവരെ നേരിട്ടുവിളിച്ചതായി ഹംജത് മൊഴി നൽകിയിട്ടുണ്ട്. ഈ മേഖലയിലും അന്വേഷണം നടത്തും.

സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായിൽനിന്ന് സ്വർണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്റ്റേജ് ഷോകൾക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നു.

വിമാനത്താവളത്തിൽ എത്തുന്ന സ്വർണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങൾ നടന്നു. വൻപ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. ഷംന കാസിമിൽനിന്ന് പണംതട്ടാൻ ശ്രമിച്ച കേസിലും സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അൻവർ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നാണ് സൂചന.

ലാപ്ടോപ്പ് കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വ്യാജരേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് കണ്ടെത്തി. പ്രതി പി.എസ്. സരിത്തിന്റെ സുഹൃത്തിന്റെ തിരുവല്ലത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണിത്.

കസ്റ്റംസിന്റേതടക്കം വ്യാജരേഖകൾ തയ്യാറാക്കാനാണ് ലാപ്ടോപ്പ് ഉപയോഗിച്ചിരുന്നത്. ചില ഓഫീസുകളുടെ സീൽ, ലെറ്റർ പാഡുകൾ എന്നിവയും വ്യാജമായി തയ്യാറാക്കിയിരുന്നു. ഇത് കണ്ടെത്താൻവേണ്ടി സരിത്തിന്റെ തിരുവല്ലത്തുള്ള വീട്ടിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ, ലാപ്ടോപ്പ് കണ്ടെത്തിയില്ല.

ചോദ്യംചെയ്യലിൽ ലാപ്ടോപ്പ് സുഹൃത്തിന് കൈമാറിയതായി സരിത്ത് പറഞ്ഞു. തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. സ്വർണക്കടത്തിൽ ഇയാളുടെ പങ്കും പരിേശാധിക്കുന്നുണ്ട്. സരിത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ച ലാപ്ടോപ്പ് മാത്രമാണിതെന്നാണ് സുഹൃത്ത് മൊഴിനൽകിയത്.

രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശികളായ രണ്ടു ജൂവലറി ഉടമകൾ അറസ്റ്റിൽ. പഴമള്ളൂർ പഴേടത്ത് വീട്ടിൽ അബൂബക്കർ (60), പടിക്കമണ്ണിൽ വീട്ടിൽ അബ്ദുൾ ഹമീദ് (54) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Content Highlights:gold smuggling case accused hamjath ali says they tried to smuggle gold with actors