നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍ നിന്നായി 2.773 കിലോ സ്വര്‍ണമിശ്രിതവും 217 ഗ്രാം സ്വര്‍ണവും പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി എം. ഖാലിദ്, തൃശ്ശൂര്‍ സ്വദേശിനി കെ.എ. ഹസീന, എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിനി, പാലക്കാട് സ്വദേശി ടി. നാസര്‍ എന്നിവരാണ് പിടിയിലാത്.

ഖാലിദിന്റെ പക്കല്‍ നിന്ന് 840 ഗ്രാം സ്വര്‍ണ മിശ്രിതവും ഹസീനയില്‍ നിന്ന് 1.108 കിലോ സ്വര്‍ണ മിശ്രിതവും മലപ്പുറം സ്വദേശിനിയില്‍ നിന്ന് 825 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. നാസറിന്റെ പക്കല്‍ നിന്ന് 217 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും.

ഖാലിദ് സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക് കവറിലാക്കി അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. നാസര്‍ സ്വര്‍ണമാല പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) വിഭാഗവും മറ്റു മൂന്നുപേരെ വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവുമാണ് പിടികൂടിയത്.

Content Highlights: gold smuggling 4 detained in kochi airport