ബെംഗളൂരു: സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 18 യാത്രക്കാരെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍നിന്ന് 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. എയര്‍ അറേബ്യ ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍നിന്ന് വന്നവരാണ് പിടിയിലായവരില്‍ 17 പേര്‍. ഒരാള്‍ ദുബായില്‍നിന്ന് എമിറേറ്റ്സ് ഫ്‌ളൈറ്റില്‍ എത്തിയതായിരുന്നു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.

സ്ഥിരമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവരാണ് ഇവരെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയതാണ് ഉദ്യോഗസ്ഥരുടെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ സ്വര്‍ണം കണ്ടെടുത്തു. കസ്റ്റംസിന്റെ ബെംഗളൂരുവിലെ എയര്‍ ഇന്റലിജന്റസ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്.