തിരുവനന്തപുരം: ഈന്തപ്പഴപ്പെട്ടിയിലൊളിപ്പിച്ചു കൊണ്ടുവന്ന ഒന്നേകാല്‍ കിലോയുടെ സ്വര്‍ണമാലകളുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. 

കാസര്‍കോട് കോട്ടപ്പുറം താഴത്ത്പുര മൗലവി ഹൗസില്‍ ബഷീര്‍ അഹമ്മദി(53)നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.  ദുബായില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. 

ബാഗേജിനുള്ളില്‍ അലൂമിനിയം പേപ്പറില്‍ പൊതിഞ്ഞ് ഇന്തപ്പഴത്തിനൊപ്പമാണ് ഒന്നേകാല്‍ക്കിലോ വരുന്ന പത്തുമാലകള്‍ കടത്താന്‍ ശ്രമിച്ചത്. ഇവയ്ക്ക് 35 ലക്ഷത്തോളം വിലവരും. 

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.ശ്രീകുമാര്‍, െബെജു ആര്‍. ആന്‍സി, ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, സുനില്‍ എന്നീ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ്   സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നു സംശയിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 

Content Highlight: gold seized with dates from airport worth 35 lakhs