നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഏഴു യാത്രക്കാരില്‍ നിന്നായി രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ പ്രത്യേക സംഘം കൊച്ചി വിമാനത്താവളത്തിലെത്തി ഒരു സ്ത്രീയുള്‍പ്പെടെ ഏഴുപേരെ സ്വര്‍ണവുമായി പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് 5.064 കിലോ സ്വര്‍ണമാണ് പിടിച്ചത്.സ്വര്‍ണം മിശ്രിതമാക്കി, കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

തമിഴ്നാട്, രത്‌നഗിരി, കര്‍ണാടക, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായവര്‍. ബഹ്റൈനില്‍ നിന്നുമെത്തിയ അനസ് ജിഹാദ്, നൗഫല്‍ പി. പറമ്പത്ത്, ഷാര്‍ജയില്‍ നിന്നെത്തിയ മുഹമ്മദ് ഇര്‍ഫാന്‍ അലി, മുഹമ്മദ് അഷര്‍ അമര്‍, ദുബായില്‍ നിന്നെത്തിയ സിബി സജി, മുസ്ബ മുഹമ്മദ് ഇഷാഖ്, അഞ്ജും സൂഫിയാന്‍ എന്നിവരാണ് പിടിയിലായത്. അഞ്ജും സൂഫിയാന്‍ രത്‌നഗിരി സ്വദേശിനിയാണ്.

അനസിന്റെ പക്കല്‍നിന്ന് 1.032 കിലോ സ്വര്‍ണവും നൗഫലിന്റെ പക്കല്‍നിന്ന് 778 ഗ്രാം സ്വര്‍ണവും മുഹമ്മദ് ഇര്‍ഫാന്റെ പക്കല്‍നിന്ന് 501 ഗ്രാം സ്വര്‍ണവും അമര്‍ മുഹമ്മദിന്റെ പക്കല്‍നിന്ന് 543 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. സിബി സജിയുടെ കൈവശം 1.071 കിലോ സ്വര്‍ണവും മുസ്ബ മുഹമ്മദിന്റെ പക്കല്‍ 597 ഗ്രാം സ്വര്‍ണവും അന്‍ജും സൂഫിയാന്റെ കൈവശം 542 ഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്.

ഇവരെല്ലാം ഒരേ സംഘത്തിനുവേണ്ടി സ്വര്‍ണം കൊണ്ടുവന്നതാണെന്നാണ് സൂചന. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.