നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ ഒന്നരക്കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി വിമാനത്തിലെ ജീവനക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍.

പാലക്കാട് സ്വദേശി മന്‍ഹാസ് അബുലീസ്, മലപ്പുറം സ്വദേശി ജെയ്നാബ് എന്നിവരാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) വിഭാഗത്തിന്റെ പിടിയിലായത്.

മന്‍ഹാസ് അബുലീസ് സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീനിയര്‍ കാബിന്‍ ക്രൂവാണ്. ഇയാളില്‍നിന്ന് 2.55 കിലോ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. റാസല്‍ഖൈമയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തില്‍ കാബിന്‍ ക്രൂവായിരുന്നു ഇയാള്‍. സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെ കാബിന്‍ ക്രൂവിനെ പിടികൂടുകയായിരുന്നു. ഇയാള്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്.

ജെയ്നാബിന്റെ പക്കല്‍നിന്നും 915 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയതാണിയാള്‍. സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Content Highlights: gold seized in kochi airport