തിരുവനന്തപുരം: ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരുകിലോ 800 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികളുമായി യാത്രക്കാരനെ അറസ്റ്റുചെയ്തു. വയനാട് സ്വദേശിയായ മുഹമ്മദ് പൊന്നാണ്ടിയെ(41) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കസ്റ്റംസ് പിടികൂടിയ സ്വര്‍ണക്കട്ടികള്‍ക്ക് 91 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ്. കസ്റ്റംസ് ഹാളിലെ ഡോര്‍ഫ്രൈം മെറ്റല്‍ ഡിറ്റക്ടര്‍ വഴി കടന്നുവന്നപ്പോള്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമറിയിക്കുന്ന ബീപ്പ് ശബ്ദം ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നെത്തിയ ഇയാളോട് സ്വര്‍ണമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു. ഇല്ലെന്ന മറുപടിയെ തുടര്‍ന്ന് ലഗേജ് ബാഗ് പരിശോധിച്ചു. രണ്ടാമതായി ഹാന്‍ഡ് ബാഗ് വാങ്ങി പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. സ്വര്‍ണം കടത്തുന്നവര്‍ എക്സ്റേയില്‍ കണ്ടുപിടിക്കാതിരിക്കാന്‍ കറുത്ത പേപ്പറുപയോഗിച്ചാണ് പൊതിയുക. എന്നാല്‍ ഇയാള്‍ വെളുത്ത ടേപ്പുപയോഗിച്ചാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് അസി. കമ്മിഷണര്‍ എന്‍.എസ്.ദേവ് ചോദ്യം ചെയ്തു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ ദുബായിലെത്തിയത്. തുടര്‍ന്ന് സ്വര്‍ണവുമായി തിരുവനന്തപുരത്തെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം കസ്റ്റംസ് കേസെടുത്തു. എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ബി ബാച്ചിലെ സൂപ്രണ്ട് പുഷ്പ യു, ഇന്‍സ്പെക്ടര്‍മാരായ വിശാഖ് ഡി. ദീപേഷ് ജി, രാംകുമാര്‍, അമന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Content Highlights: gold seized from trivandrum airport