നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ സുഡാൻ സ്ത്രീകൾ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ സ്വർണം കടത്തുന്നവരെന്ന് സൂചന. വസ്ത്രം വാങ്ങാൻ തിരുപ്പൂരിലേക്കു വന്നതാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ കൊണ്ടുവന്ന് വിറ്റാൽ കൂടുതൽ ലാഭം കിട്ടുമെന്നതിനാലാണ് സ്വർണവുമായി എത്തിയതെന്ന് ഇവർ പറയുന്നു.

കൂടുതൽ തുക കിട്ടുന്നിടത്ത് സ്വർണം വിറ്റ ശേഷം വസ്ത്രങ്ങൾ വാങ്ങാനായിരുന്നു പദ്ധതിയെന്നും പറയുന്നു. ബക്രീദ് വരുന്നതിനാൽ കൂടുതൽ വസ്ത്രങ്ങൾ വാങ്ങാൻ ലക്ഷ്യമിട്ടിരുന്നതായും ഇവർ പറയുന്നു. എന്നാൽ ഇവരുടെ മൊഴി പൂർണമായും കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഇവർ പലവട്ടം മുംബൈയിൽ വന്നിറങ്ങിയിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാനാണ് മുംബൈയിൽ എത്തിയതെന്നാണ് ഇവർ പറയുന്നത്. ഇവർ സ്ഥിരം സ്വർണക്കടത്തുകാരാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വർണവുമായി എത്തുന്ന ഇവർ അത് ലക്ഷ്യസ്ഥാനത്തെത്തിച്ച ശേഷം വസ്ത്രങ്ങളും വാങ്ങി നാട്ടിലേക്കു മടങ്ങുകയാണ് പതിവെന്നാണ് സൂചന. വസ്ത്രങ്ങൾ വാങ്ങാൻ ഇന്ത്യയിലേക്ക്‌ സ്ഥിരമായി എത്തുന്ന ഇവരെ ദുബായിലെ സംഘം സ്വർണക്കടത്തിനായി ഉപയോഗപ്പെടുത്തുന്നതാകാമെന്നും കസ്റ്റംസ് സംശയിക്കുന്നു. മുൻപും സ്വർണവുമായി സുഡാൻ സ്വദേശിനികൾ കൊച്ചിയിൽ പിടിയിലായിട്ടുണ്ട്.

ഇവരും വസ്ത്രവ്യാപാരത്തിന്റെ മറവിൽ സ്വർണം കടത്തിക്കൊണ്ടുവന്നവരാണ്. കൊച്ചിയിൽ ചൊവ്വാഴ്ച പിടിയിലായവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരും എത്തിയിരുന്നില്ല. ഇവർ കൊച്ചിയിലേക്കാണോ അതോ കോയമ്പത്തൂരിലേക്കാണോ സ്വർണം കടത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമല്ല. ഇവർക്ക് സുഡാനി ഭാഷ മാത്രമേ വശമുള്ളൂ. അതിനാൽ ചോദ്യം ചെയ്യലും എളുപ്പമല്ല. 84 ലക്ഷത്തോളം രൂപയുടെ സ്വർണവുമായാണ് മൂന്ന് സുഡാൻ സ്വദേശിനികൾ ചൊവ്വാഴ്ച കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. മൂന്നു പേരിൽ നിന്നുമായി മൊത്തം 2.7 കിലോ സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. മലദ്വാരത്തിലൊളിപ്പിച്ചും ശരീരത്തിലണിഞ്ഞുമാണ് ഇവർ സ്വർണം കടത്തിക്കൊണ്ടുവന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമാണ് ഇവർ എത്തിയത്.

116.6 ഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. രണ്ടുപേർ ആറു വീതം സ്വർണ ബിസ്‌കറ്റും ഒരാൾ അഞ്ച് സ്വർണ ബിസ്‌കറ്റുമാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. വിദഗ്ദ്ധ പരിശീലനം ലഭിക്കാതെ ഇത്രയും ബിസ്‌കറ്റുകൾ മലദ്വാരത്തിൽ ഒളിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇവർ ഇത്തരത്തിൽ മുമ്പും സ്വർണം കടത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവർ ധരിച്ചിരുന്ന പർദയുടെ ഉള്ളിലാണ് സ്വർണാഭരണങ്ങൾ ഒളിപ്പിച്ചിരുന്നത്. മുംബൈയിൽ പലവട്ടം എത്തിയിട്ടുണ്ടെങ്കിലും ഇവർ ആദ്യമായാണ് കൊച്ചിയിൽ വന്നിറങ്ങുന്നത്.