നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 2.816 കിലോ സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദില്‍ നിന്നെത്തിയ കോഴിക്കോട് മടവൂര്‍ മുട്ടഞ്ചേരി സ്വദേശി ഫഹദ്, ജിദ്ദയില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി അഖില്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 

ഫഹദിന്റെ പക്കല്‍ നിന്ന് 2.100 കിലോയും അഖിലിന്റെ പക്കല്‍നിന്ന് 716 ഗ്രാമുമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഫഹദ് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. അഖില്‍ സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് മൊത്തം ഒന്നര കോടിയോളം രൂപ വില വരും.