മംഗളൂരു: ഷാര്‍ജയില്‍നിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി.
മുഹമ്മദ് ഷുഹൈബ് മുഗു (31), ഫൈസല്‍ തൊട്ടി മേല്‍പ്പറമ്പ് (37) എന്നിവരെയാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് മൊത്തം 1.09 കോടി രൂപ വിലവരുന്ന 2.154 കിലോ സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും എത്തിയത്.
രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രവീണ്‍ കണ്ടി, സൂപ്രണ്ടുമാരായ കെ.ശ്രീകാന്ത്, സുബ്ഹേന്തു രഞ്ജന്‍ ബെഹ്റ, നവീന്‍ കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നുപേരില്‍നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നുയാത്രക്കാരില്‍നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. 1184 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
ഷാര്‍ജയില്‍നിന്ന് ഗോഎയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ്‌റിയാസില്‍നിന്ന് 345 ഗ്രാം സ്വര്‍ണവും ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശി മുഹമ്മദ് ഫൈസലില്‍നിന്ന് 349 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് സബീറില്‍നിന്ന് 490 ഗ്രാം സ്വര്‍ണവും പിടിച്ചു.
മുഹമ്മദ് റിയാസിന്റെ ബാഗേജിലുണ്ടായിരുന്ന മുട്ട പാകംചെയ്യുന്ന മെഷീനുള്ളിലും ടോര്‍ച്ചിനുള്ളിലുമായി ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം. മറ്റു രണ്ടുപേരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഈ മാസം മാത്രം എട്ടുപേരില്‍ നിന്നായി 3.55 കോടി രൂപ വിലമതിക്കുന്ന 7059 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. പരിശോധനയില്‍ കസ്റ്റംസ് ജോ. കമ്മിഷണര്‍ എസ്.കിഷോര്‍, സൂപ്രണ്ടുമാരായ വെങ്കിട് നായ്ക്, കെ.സുകുമാരന്‍, സി.വി.മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.അശോക്കുമാര്‍, ബി.യദുകൃഷ്ണ, കെ.വി.രാജു, സന്ദീപ്കുമാര്‍, സോനിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: gold seized from mangaluru and kannur airport