കൊണ്ടോട്ടി: അനധികൃതമായി കടത്താൻ ശ്രമിച്ച 98 ലക്ഷത്തിന്റെ സ്വർണവും 19 ലക്ഷത്തിന്റെ വിദേശ പണവും കരിപ്പൂരിൽ കസ്റ്റംസ് എയർ ഇ്ന്റലിജൻസ് വിഭാഗം പിടികൂടി. നാലുയാത്രക്കാരിൽനിന്നായി വ്യത്യസ്ത സംഭവങ്ങളിലായാണ് 2.12 കിലോഗ്രാം സ്വർണവും വിദേശപണവും പിടികൂടിയത്.

റിയാദിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാപ്സ്യൂൾ രൂപത്തിലാക്കി 736 ഗ്രാം സ്വർണം ശരീരത്തിനകത്താക്കിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

ദുബായിൽനിന്നെത്തിയ വനിതയിൽനിന്ന് 589 ഗ്രാം സ്വർണമാണ് പിടികൂടിയത്. ശരീരത്തിലണിഞ്ഞ 302 ഗ്രാം സ്വർണാഭരണങ്ങളും ഹാർഡ് ബോർഡ് പെട്ടിയിലും കുബ്ബൂസിലും നേർത്ത പാളികളായി ഒളിപ്പിച്ച 287 ഗ്രാം സ്വർണവും ഇവരിൽനിന്ന് കണ്ടെടുത്തു. മൊത്തം 27 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരൻ ശരീരത്തിനകത്താക്കി കൊണ്ടുവന്ന 1110 ഗ്രാം സ്വർണം പിടികൂടി. 47 ലക്ഷത്തിന്റെ സ്വർണം നാല് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് കടത്തിയത്.

ദുബായിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽനിന്നാണ് 19 ലക്ഷം വിലമതിക്കുന്ന സൗദിറിയാൽ പിടികൂടിയത്. ചെക്കിൻ ബഗേജിൽ ഒളിപ്പിച്ച 1,03,500 സൗദി റിയാലുമായാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള അതോറിറ്റി അധികൃതർ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയായിരുന്നു.

ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, സി.പി. സബീഷ്, ഗഗൻദീപ് രാജ്, വി.ജെ. പൗലോസ്, എൻ. വെലൂരി നായിക്, പ്രണയ് കുമാർ, ശിവാനി, പ്രേംപ്രകാശ് മീണ തുടങ്ങിയവരാണ് സ്വർണം പിടികൂടിയത്.

Content Highlights:gold seized from karipur airport