കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് സ്വർണം പിടികൂടി. അരീക്കോട് സ്വദേശി റാഷിദിൽ(34) നിന്നാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 1.117 കിലോ സ്വർണമിശ്രിതം പിടികൂടിയത്. ഇതിന് വിപണിയിൽ 55 ലക്ഷം രൂപ വിലവരും.

തിങ്കളാഴ്ച പുലർച്ചെ ഷാർജയിൽനിന്നും എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി അഞ്ച് പാക്കറ്റുകളിലായാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസി. കമ്മീഷണർ കെ.വി. രാജന്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, കെ.കെ. പ്രവീൺകുമാർ, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. രണ്ട് ദിവസം മുമ്പ് ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 865ഗ്രാം സ്വർണമിശ്രിതവും കസ്റ്റംസ് പിടികൂടിയിരുന്നു.

Content Highlights:gold seized from karipur airport