മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായി ഒരു കിലോയിലേറെ സ്വർണം പിടികൂടി. സ്വർണം കടത്തിയ കാസർകോട് സ്വദേശികളായ സയിദ് അബ്ദുൾ ഫൈസ്, മുഹമ്മദ് അഫ്സർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സയിദ് അബ്ദുൾ ഫൈസ് 545 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. പ്ലേറ്റ് രൂപത്തിലും സൈക്കിളിന്റെ പെഡലിനുള്ളിലുമായാണ് അഫ്സൽ സ്വർണം ഒളിപ്പിച്ചത്. 582 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞദിവസങ്ങളിലും കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടിയിരുന്നു. ശനിയാഴ്ച മാത്രം ഒരു കോടിയിലേറെ രൂപയുടെ സ്വർണമാണ് പിടികൂടിയത്. കോവിഡ് സാഹചര്യം മുതലെടുത്ത് സ്വർണക്കടത്ത് വർധിച്ചതോടെ അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്. പിപിഇ കിറ്റ് അടക്കം ധരിച്ചാണ് ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധിക്കുന്നത്.

Content Highlights:gold seized from karippur airport