കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് സ്വദേശി ഹാഫിസിൽനിന്നാണ് 480 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽനിന്നായി 85 ലക്ഷം രൂപയുടെ സ്വർണവും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു.

വ്യാഴാഴ്ച ദുബായിൽനിന്നെത്തിയ ശ്രീകണ്ഠപുരം സ്വദേശി സബീർ മൈക്കാരനിൽനിന്ന് 1038 ഗ്രാം സ്വർണം പിടിച്ചു. ഇതിന് 52,98,990 രൂപ വില വരും. വെള്ളിയാഴ്ച ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയിൽനിന്ന് 676 ഗ്രാം സ്വർണം പിടിച്ചു. 32,56,990 രൂപയുടെ സ്വർണമാണ് പിടിച്ചത്.

രണ്ടുപേരും മിശ്രിത രൂപത്തിലുള്ള സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്.കിഷോർ, സുപ്രണ്ടുമാരായ വി.പി.ബേബി, പി.സി.ചാക്കോ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിക്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights:gold seized from kannur airport