തിരുവനന്തപുരം: ദുബായില്‍നിന്നെത്തിയ വിമാനം വൃത്തിയാക്കിയശേഷം പുറത്തിറങ്ങിയ രണ്ടു ശുചീകരണത്തൊഴിലാളികളില്‍നിന്നു കുഴമ്പുരൂപത്തിലുള്ള ഒന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു. വിമാനത്തിലെ ശൗചാലയത്തിനടുത്ത് ഉപേക്ഷിച്ചനിലയിലാണ് സ്വര്‍ണം കിട്ടിയതെന്നാണ് പിടിയിലായവര്‍ കസ്റ്റംസിനോടു പറഞ്ഞത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 8.25-നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് കറുത്ത ടേപ്പുപയോഗിച്ച് പൊതിഞ്ഞനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ഈ സ്വര്‍ണത്തിന് 56.23 ലക്ഷം രൂപ വിലവരും.

പിടിയിലായവരില്‍ ഒരാള്‍ക്ക് സ്വര്‍ണം ഉപേക്ഷിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരുടെ മൊബൈല്‍ഫോണ്‍ വിളികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.