ചെന്നൈ: വയറ്റിലാക്കി കടത്താന്‍ ശ്രമിച്ച 2.88 കിലോ ഉള്‍പ്പെടെ 2.17 കോടി രൂപ വിലവരുന്ന 4.15 കിലോ സ്വര്‍ണം ചെന്നൈ വിമാനത്താവളത്തിലെ എട്ട് യാത്രക്കാരില്‍നിന്ന് പിടികൂടി.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളികപോലെയാക്കി യാത്രക്കാര്‍ വിഴുങ്ങുകയായിരുന്നെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ എട്ട് ദിവസം നീണ്ട ചികിത്സയിലൂടെ 161 ഗുളികകള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ഇവര്‍ ബാഗുകളിലായി ഒളിപ്പിച്ചിരുന്ന 1.18 കോടി രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു. ജനുവരി 22-ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ പുതുക്കോട്ട, തിരുച്ചിറപ്പള്ളി, രാമനാഥപുരം എന്നീ ജില്ലകളിലെ എട്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

യാത്ര പുറപ്പെടുന്നതിനുമുമ്പാണ് ഇവര്‍ സ്വര്‍ണം വിഴുങ്ങിയതെന്നാണ് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.

Content Highlights: gold seized from chennai airport