കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലവരുന്ന ഏകദേശം ഒരുകിലോ സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
ദുബായിൽനിന്ന് തിങ്കളാഴ്ച രാത്രി 7.40-ന് എത്തിയ കുറ്റ്യാടി കാവിലുംപാറ സ്വദേശി നിഹാലിൽ(19)നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. മിശ്രിതം കാപ്സ്യൂൾ രൂപത്തിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് ബെൽറ്റിൽ ഒളിപ്പിച്ച് അരയിൽ കെട്ടിയ നിലയിലായിരുന്നു.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസി. കമ്മിഷണർ എൻ.എസ്. ദേവിന്റെ നിർദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
Content Highlights:gold seized from calicut international airport