ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച ആറ് കിലോ സ്വര്‍ണവും ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണവും കസ്റ്റംസ് സംഘം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരും. 

ദുബായില്‍നിന്നെത്തിയ എ.ഐ.906 എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ സ്വര്‍ണം കണ്ടെടുത്തത്. 30എഫ് നമ്പര്‍ സീറ്റിനടിയില്‍ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വര്‍ണബാറുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. 

ദുബായില്‍നിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണമിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 

മലയാളിയായ കസ്റ്റംസ് സൂപ്രണ്ട് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.  

Content Highlights: gold seized from air india flight in chennai