ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നതും ഇത് പിടിച്ചെടുക്കുന്നതും മിക്ക ദിവസങ്ങളിലെയും വാര്‍ത്തയാണ്. ഷൂവിനകത്തും എമര്‍ജന്‍സിക്കകത്തും വസ്ത്രത്തിനുള്ളിലുമായി സ്വര്‍ണംകടത്തിയ നിരവധി പേരെയാണ് പലതവണകളായി പിടികൂടിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയില്‍ സ്വര്‍ണം കടത്തിയ ആളെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി. മനുഷ്യവിസര്‍ജ്യമെന്ന് തോന്നിക്കുന്നവിധമായിരുന്നു ഈ സ്വര്‍ണക്കടത്ത്. 

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. പുലര്‍ച്ചെയോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ മുംബൈയിലേക്ക് യാത്ര തുടരുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഇതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ നിലയ്ക്കാതെ ബീപ് ശബ്ദം മുഴക്കിയതോടെ ഇയാളെമാത്രം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ദേഹത്തു നിന്ന് മഞ്ഞനിറത്തിലുള്ള പേസ്റ്റ് നിറച്ച പൊതി കണ്ടെടുത്തത്. 

അരയ്ക്കുതാഴെ ദേഹത്തോട് ചേര്‍ന്ന് ടാപ്പ് കൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു പൊതി. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പൊതി തുറന്നുപരിശോധിച്ചു. എന്നാല്‍ മനുഷ്യവിസര്‍ജ്യമെന്ന് തോന്നിക്കുന്നവിധമുള്ള മഞ്ഞനിറത്തിലുള്ള വസ്തുവാണ് കണ്ടത്. പക്ഷേ, പൊതിയുടെ ഭാരവും യാത്രക്കാരന്റെ പെരുമാറ്റവും ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ഈ പേസ്റ്റ് രൂപത്തിലുള്ള വസ്തു എക്‌സറേ സ്‌കാനറുകളിലടക്കം വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവം സ്വര്‍ണം തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. 

പിടിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണത്തിന് ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റംസ് നിയമപ്രകാരം 20 ലക്ഷത്തിന് മുകളില്‍ വിലവരുന്ന സ്വര്‍ണമുണ്ടെങ്കില്‍ മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളു. ഇതില്‍കുറഞ്ഞ വില മതിപ്പുവരുന്ന സ്വര്‍ണം കൊണ്ടുപോകുന്നവര്‍ അതിനുള്ള ഡ്യൂട്ടി അടച്ചാല്‍ മതിയാകും. എന്നാല്‍ പേസ്റ്റ് രൂപത്തില്‍ ഡ്യൂട്ടി അടയ്ക്കാതെയാണ് യാത്രക്കാരന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന്റെ കൈവശമുണ്ടെന്നും മതിയായ ഡ്യൂട്ടി അടച്ചാല്‍ ഇത് യാത്രക്കാരന് തിരികെ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Content Highlights: gold paste seized from delhi airport