കാട്ടൂര്‍: ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ ഉരുപ്പടികള്‍ വീണ്ടും പണയംവെച്ച് കോടികളുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന്റെ പേരില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു. കാറളത്തുള്ള ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന കാരുകുളങ്ങര അവറാന്‍ വീട്ടില്‍ സുനില്‍ ജോസ് അവറാന് എതിരേയാണ് കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
2.76 കോടി രൂപയുടെ തിരിമറിനടത്തിയെന്ന് ബാങ്ക് എ.ജി.എം. പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ബാങ്കിന്റെ ജില്ലാ ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ബ്രാഞ്ച് മാനേജരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ബാങ്ക് വിജിലന്‍സ് വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
2018 ഒക്ടോബര്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്റെ അധീനതയില്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ബന്ധുക്കളുെടയും സുഹൃത്തുക്കളുടെയും പേരില്‍ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ 76 പാക്കറ്റ് സ്വര്‍ണ ഉരുപ്പടികള്‍ വീണ്ടും പണയംവെച്ച് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എന്നാല്‍ പ്രതി ഒളിവിലാണെന്നും കാട്ടൂര്‍ പോലീസ് പറഞ്ഞു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: gold loan fraud police case against bank officer