ഇരിങ്ങാലക്കുട: ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ ഉരുപ്പടികള്‍ വീണ്ടും പണയംവെച്ച് 2.76 കോടി രൂപയുടെ തിരിമറി നടത്തിയ കേസിലെ പ്രതിയായ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങി. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാന്‍വീട്ടില്‍ സുനില്‍ജോസ് (51) ആണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയും കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞിരുന്നു.

എസ്.ബി.ഐ. കാറളം ബ്രാഞ്ചിലെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നതാണ് സുനില്‍ജോസ്. ബാങ്കിലെ പണയ ഉരുപ്പടികള്‍ ഇയാള്‍ വീണ്ടും പണയംവെച്ച് 2.76 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ബാങ്ക് എ.ജി.എം. പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2018 ഒക്ടോബര്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് സംഭവം.

സുനിലിന്റെ അധീനതയിലും ഉത്തരവാദിത്വത്തിലും ബാങ്കില്‍ സൂക്ഷിച്ചതായിരുന്നു ഉരുപ്പടികള്‍. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ പുതിയ വായ്പാ അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. പണയത്തിലിരുന്ന 76 പാക്കറ്റ് സ്വര്‍ണ ഉരുപ്പടികള്‍ ഇതിനായി വീണ്ടും ഉപയോഗിച്ചു. ബാങ്ക് നടത്തിയ 'സര്‍പ്രൈസ് ഓഡിറ്റിങ്ങി'ലാണ് തിരിമറി കണ്ടെത്തിയത്. സംഭവത്തില്‍ ബാങ്ക് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ബ്രാഞ്ച് മാനേജരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 26 വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് മജിസ്ട്രേറ്റ് അനീഷാ മാത്യു ഉത്തരവിട്ടു. ശേഷം ഡിസംബര്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്തു.