കൊല്‍ക്കത്ത: സ്വര്‍ണം വാങ്ങാനെന്നുപറഞ്ഞ് പശ്ചിമബംഗാളിലെത്തിയ രണ്ട് മലയാളി സഹോദരന്മാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പള്ളിവെളി കുന്നേല്‍വെളി വീട്ടില്‍ മാമ്മച്ചന്‍ ജോസഫ് (58), കുഞ്ഞുമോന്‍ ജോസഫ് (51) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് ഇരുവരും മരിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 12 ലക്ഷം രൂപയും ആറുപവന്റെ മാലയും നഷ്ടപ്പെട്ടതായി നാട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍നിന്ന് നൂറിലേറെ കിലോമീറ്റര്‍ അകലെ ബര്‍ദ്വാനിലെ ബ്രഹ്മചന്ദപൂരിലുള്ള ശരണ്യ ആസ്പത്രിയിലാണ് ഇരുവരെയും ആദ്യം പ്രവേശിപ്പിച്ചത്. മാമ്മച്ചന്‍ അവിടെ മരിച്ചു. കുഞ്ഞുമോന്‍ ജോസഫിനെ പിന്നീട് കൊല്‍ക്കത്തയിലെ അപ്പോളോ ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണം വാങ്ങാന്‍ ഇവര്‍ നാട്ടില്‍നിന്ന് എന്തിനു കൊല്‍ക്കത്തവരെ എത്തിയെന്നതിലാണ് ദുരൂഹത.

പാണാവള്ളിയിലുള്ള ഇവരുടെ വീട് ബംഗാളില്‍നിന്നുള്ള പണിക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. അവിടെ താമസിക്കുന്ന ഒരു നിര്‍മാണത്തൊഴിലാളിയുമായി ഇവര്‍ രണ്ടാഴ്ച മുമ്പും കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. അന്നു കൂടെ പോയ ബംഗാളി ഇത്തവണത്തെ യാത്രയില്‍ ഒപ്പമില്ല. പക്ഷേ, അയാളെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.

നേരത്തേ ഇവര്‍ കൊല്‍ക്കത്തയ്ക്ക് പോയപ്പോള്‍ പൂച്ചാക്കലിലുള്ള സ്വര്‍ണപ്പണിക്കാരനെയും കൂടെക്കൂട്ടിയിരുന്നു. ഇവര്‍ വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ മാറ്റുനോക്കാനും വില നിര്‍ണയിക്കാനുമാണ് അയാളെ കൂടെക്കൂട്ടിയതെന്നാണ് പറയുന്നത്. ഇത്തവണ അയാളും ഒപ്പം പോയിരുന്നില്ലെന്നാണ് വിവരം.

സ്വര്‍ണം വാങ്ങാനായി കൈയില്‍ കരുതിയ പണമാണ് നഷ്ടമായിരിക്കുന്നത്. വിവരമറിഞ്ഞ് ഇവരുടെ സഹോദരന്മാര്‍ നാട്ടില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയിട്ടുണ്ട്.

മാമ്മച്ചനും കുഞ്ഞുമോനും മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക്ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും വിമുക്തഭടന്മാരാണ്.

മാമ്മച്ചന്റെ ഭാര്യ: മേരി. മക്കള്‍: സൗമ്യ, ക്ളിഫിന്‍. മരുമക്കള്‍: സിബി, ആശ. കുഞ്ഞുമോന്‍ ജോസഫിന്റെ ഭാര്യ: ജയന്തി. മക്കള്‍: ആല്‍ഫിന്‍, അലക്സ്.