പാലക്കാട്: നഗരത്തിലെ ബസ്സുകളിൽ സ്ഥിരം മാലമോഷണം നടത്തുന്ന യുവതികളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടി. തമിഴ്നാട് ധർമ്മപുരി ശാന്തിനഗർ സ്വദേശികളായ ദിവ്യ (41), സന്ധ്യ (38), സംഗീത (ജനനി-22) എന്നിവരാണ് അറസ്റ്റിലായത്.

കുറച്ചു ദിവസങ്ങളായി നഗരത്തിൽ ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാല മോഷണം പോകുന്ന കേസുകൾ കൂടിയതോടെയാണ് പ്രത്യേകസംഘം കേസന്വേഷണം ആരംഭിച്ചത്. തുടർന്ന് ഞായറാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രതികളെ പിടികൂടി.

ഇവരെ പിടികൂടിയതോടെ നിരവധി മാലമോഷണക്കേസുകൾക്കാണ് തുമ്പായതെന്ന് നോർത്ത് പോലീസ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസിലുൾപ്പെട്ടവരാണ് പ്രതികൾ. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ എസ്.പി. സുധീരൻ, സബ് ഇൻസ്പെക്ടർമാരായ അനുദാസ്, ജോർജ്ജ് മാത്യു, നന്ദകുമാർ, ജൂനിയർ എസ്.ഐ. ഗീതുമോൾ, എസ്.സി.പി.ഒ.മാരായ അരവിന്ദാക്ഷൻ, നൗഷാദ്, സുഹ്റ, പ്രിയ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.