ഒറ്റപ്പാലം: ആഭരണം വാങ്ങാനായി ജൂവലറിയിലെത്തിയയാള്‍ രണ്ടരപ്പവന്‍ സ്വര്‍ണവുമായി ഇറങ്ങിയോടി. ഒറ്റപ്പാലം നഗരത്തിലെ ജൂവലറിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഒന്നേകാല്‍ പവന്‍വീതം തൂക്കം വരുന്ന രണ്ടുമാലകളാണ് നഷ്ടമായത്.

ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ ഇയാള്‍ മാലകള്‍ കാണിക്കാനാവശ്യപ്പെട്ടു. മേശയുടെ മുകളില്‍വെച്ച് സ്വര്‍ണമാലകള്‍ നോക്കുന്നതിനിടെ ഉടമ മറ്റൊരു മാല ഷെല്‍ഫിലേക്ക് വെക്കാന്‍ തിരിഞ്ഞ സമയത്ത് മാലകളുമായി യുവാവ് കടന്നുകളയുകയായിരുന്നു.

നഗരത്തില്‍ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടങ്ങി. ജൂവലറിയുടെ സി.സി.ടി.വി. ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ചുവപ്പുബനിയന്‍ ധരിച്ച മലയാളം സംസാരിക്കുന ആളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍, മുഖാവരണം ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് പോലീസ്.