കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലും സ്വര്‍ണ തട്ടിപ്പ്. ഇടപാടുകാരുടെ പണയസ്വര്‍ണം മാറ്റി മുക്കുപണ്ടമാക്കി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഞാറ്റുവയലിലെ ഹസ്സന്‍ എന്നയാള്‍ പണയംവെച്ച സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മുക്കുപണ്ടമായതോടെയാണ് തട്ടിപ്പുപുറത്തുവന്നത്. 

രണ്ടരലക്ഷം രൂപ കൊടുത്ത് ബാങ്ക് അധികൃതര്‍ ഇത് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റു ചില സ്വര്‍ണങ്ങളിലും തട്ടിപ്പുനടന്നിട്ടുണ്ടെന്ന് പിന്നീടുനടന്ന പരിശോധനയില്‍ ബോധ്യപ്പെട്ടു. 45 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ശാഖയുടെ ചുമതലയുണ്ടായിരുന്ന രണ്ട് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്തു. 

ചീഫ് മാനേജരുടെ ചുമതലയുള്ള ഇ.ചന്ദ്രന്‍, അസി. മാനേജര്‍ ടി.വി.രമ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ബാങ്കിലെ അപ്രൈസര്‍ ഷഡാനനെ ജോലിയില്‍നിന്ന് ഒഴിവാക്കി. അപ്രൈസര്‍ ബാങ്കിന്റെ സ്ഥിരം ജീവനക്കാരനല്ല. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കാണിച്ച് ബാങ്ക് ജനറല്‍ മാനേജര്‍ തളിപ്പറമ്പ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ജില്ലാബാങ്ക്. അതിനാല്‍, സംഭവം സഹകരണവകുപ്പിനും റിപ്പോര്‍ട്ട് ചെയ്തു. ഒമ്പതേകാല്‍ പവന്റെ മാലയാണ് ഹസ്സന്‍ പണയംവെച്ചത്. കഴിഞ്ഞദിവസം ഇത് തിരിച്ചെടുത്ത് വീട്ടിലെത്തിയപ്പോഴാണ് സംശയം തോന്നിയത്. മാലയുടെ ഡിസൈന്‍ മാറിയതാണ് സംശയത്തിനിടയാക്കിയത്. പിന്നീട് കടയിലെത്തി പരിശോധിച്ചപ്പോള്‍ സ്വര്‍ണമല്ലെന്നറിഞ്ഞു. ഇക്കാര്യം ബാങ്കിനെ അറിയിച്ചപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു കൈമലര്‍ത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. 

ഇതറിഞ്ഞതോടെയാണ് രണ്ടരലക്ഷം രൂപ നല്‍കി ബാങ്ക് അധികൃതര്‍ ഒത്തുതീര്‍പ്പാക്കാനൊരുങ്ങിയത്. മാനേജര്‍ ഒപ്പിട്ട ചെക്ക് ഹസ്സന് നല്‍കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെയാണ് ജനറല്‍മാനേജറുടെ നിര്‍ദേശമനുസരിച്ച് പരിശോധന നടന്നത്. ഇതില്‍ മറ്റു ചില സ്വര്‍ണം കൂടി മാറ്റിയതായും കണ്ടെത്തി. ഇതോടെയാണ് പോലീസിന് പരാതി നല്‍കിയത്. 

സ്ട്രോങ് റൂമിന്റെ താക്കോല്‍ ശാഖാമാനേജരുടെ കൈയ്യിലായിരിക്കും. അതിനാല്‍ ഇവരറിയാതെ തട്ടിപ്പ് നടക്കില്ലെന്നതിനാലാണ് രണ്ടു മാനേജര്‍മാരെയും സസ്പെന്‍ഡ് ചെയ്തത്. ഇനി പോലീസ് അന്വേഷണത്തിന്റെ ഭാഗമായും വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായും കൂടുതല്‍ പരിശോധനയുണ്ടാകും. 

ആശങ്കവേണ്ടെന്ന് ജനറല്‍ മാനേജര്‍

തളിപ്പറമ്പ് ശാഖയിലുണ്ടായ സംഭവത്തിന്റെ പേരില്‍ ജില്ലാബാങ്കിലെ ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്ന് ജനറല്‍ മാനേജര്‍ എ.കെ.പുരുഷോത്തമന്‍ പറഞ്ഞു. പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഒപ്പം ഇടപാടുകാരുടെ പണയസ്വര്‍ണത്തിനടക്കം പൂര്‍ണ സുരക്ഷയുണ്ടാകും. വിശ്വാസ്യത നിലനിര്‍ത്തിയും സുരക്ഷ ഉറപ്പാക്കിയുമുള്ള നടപടിതന്നെയാകും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.