ബെംഗളൂരു: കസ്റ്റംസ് ഓഫീസിലെ സ്ട്രോങ് റൂമില്‍നിന്ന് തൊണ്ടിമുതലായ സ്വര്‍ണവള മോഷണം പോയി. പ്രത്യേകം മുദ്രവെച്ച കവറില്‍ സൂക്ഷിച്ച തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മൂന്നുവളകളിലൊന്ന് കാണാതായത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊമേഴ്ഷ്യല്‍ സ്ട്രീറ്റ് പോലീസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ പരാതി നല്‍കി. ക്വീന്‍സ് റോഡിലെ ഓഫീസിലാണ് വളകള്‍ സൂക്ഷിച്ചിരുന്നത്. 2.3 ലക്ഷംരൂപ വിലമതിക്കുന്ന 50 ഗ്രാമിന്റെ വളയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.

കഴിഞ്ഞ ജൂലായിലാണ് ഫിലാഡല്‍ഫിയയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന മൂന്നു വളകള്‍ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടിച്ചെടുത്തത്. യാത്രക്കാരിക്ക് ഒരു രേഖയും ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവ ഓഗസ്റ്റ് 14-ന് സ്ട്രോങ് റൂമിലേക്ക് മാറ്റി. കഴിഞ്ഞമാസം 24-ന് കോടതി കേസ് പരിഗണിക്കുന്നതിനിടെ വളകള്‍ മുദ്രവെച്ച് സൂക്ഷിച്ച കവര്‍ തുറന്നപ്പോഴാണ് രണ്ടുവളകള്‍ മാത്രമാണ് കവറിലുള്ളതെന്ന് ബോധ്യമായത്.

സ്ട്രോങ് റൂമിലെയും ഓഫീസിലെ മറ്റ് ഭാഗങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. ഇവ പരിശോധിക്കുന്നതോടെ മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.